പുന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ വിമര്‍ശിച്ച് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ശരദ് പവാറിന്‍റെ നടപടിയില്‍ ജനങ്ങള്‍ അമ്പരന്നിരിക്കുകയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ റാവത്ത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം എതിര്‍ക്കുമ്പോള്‍, പ്രധാനമന്ത്രി മോദിക്ക് അവാര്‍ഡ് സമ്മാനിക്കുന്നത് പവാറിനെ സ്നേഹിക്കുന്നവര്‍ ഇഷ്ടപ്പെടില്ല.
രാജ്യം മോദിയുടെ ഏകാധിപത്യത്തിന് കീഴില്‍ പോരാടുകയാണ്. ഇതിനായി ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം രൂപീകരിച്ചു. ശരദ് പവാര്‍ ആ സഖ്യത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. റാവത്ത് പറഞ്ഞു.
മോദി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ചില പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം നിലനില്‍ക്കുമ്പോഴാണ് ശരദ് പവാര്‍ മോദിയുമായി പുനയില്‍ വേദി പങ്കിട്ടത്. ലോക്മാന്യ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ശരദ് പവാര്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അടുത്തിടെ എന്‍സിപി പിളര്‍ത്തി ബിജെപിയുമായി കൈകോര്‍ത്ത അജിത് പവാര്‍ എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു. ഏഴുവര്‍ഷത്തിനു ശേഷമാണ് ശരദ് പവാറും നരേന്ദ്ര മോദിയും വേദി പങ്കിട്ടത്.