അഹമ്മദാബാദ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്‍റെ ജന്മനാടായ ഗുജറാത്തിലെത്തും.
ഗാന്ധിനഗര്‍, ബനസ്കന്ത, ജാംനഗര്‍, ദാഹോദ് എന്നിവിടങ്ങളിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിന് സഹായിക്കുന്ന പരിപാടികളായിരിക്കും ഇവയൊക്കെയെന്ന് സന്ദര്‍ശനത്തിന് മുമ്പായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷാവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ ലക്ഷ്യമിട്ടാണ് അദ്ദേഹം ഗുജറാത്തിലെത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസും പ്രധാനമന്ത്രിയ്ക്കൊപ്പം ഗുജറാത്ത് സന്ദര്‍ശനത്തിന്‍റെ ഭാഗമാകും. ഇന്ന് രാജ്കോട്ടിലെത്തുന്ന ഗബ്രിയേസസ് ജാംനഗറില്‍ നിര്‍മാണം ആരംഭിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ട്രെഡിഷണല്‍ മെഡിസിന്‍റെ (ജിസിടിഎം) ശിലാസ്ഥാപനത്തില്‍ നാളെ പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കുചേരും. ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര വിദ്യകളുടെ ആദ്യത്തെ ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. മറ്റന്നാള്‍ ഗാന്ധിനഗറില്‍ നടക്കുന്ന ആയുഷ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ ഉച്ചകോടിയിലും ടെഡ്രോസ് ഗബ്രിയേസസ് പങ്കെടുക്കും. ഉച്ചകോടി പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഉച്ചകോടിയില്‍ 90 ഓളം പ്രമുഖരാണ് ഭാഗമാവുന്നത്.