കൊച്ചി : മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണത്തില്‍ കേസില്‍ അറസ്റ്റിലായ സൈജുവിന്‍റെ ലഹരി ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.സൈജുവിന് ലഹരി കൈമാറിയവരെ പൊലിസ് തിരിച്ചറിഞ്ഞു. വാഗമണ്‍ മയക്കുമരുന്ന് കേസിലെ പ്രതിയ്ക്കൊപ്പമുള്ള സൈജുവിന്‍റെ ഫോട്ടോസ് പൊലീസ് കണ്ടെടുത്തു.
ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം,സൈജു തങ്കച്ചന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകും. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്‍റെ ഓഡികാറും സാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. സൈജുവിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിന് മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കകുയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.
