റബറ്റ് : ഭൂകമ്പത്തില്‍ തകര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ. മരിച്ചവരുടെ എണ്ണം 2000 കടന്നു. 2000ലധികം പേര്‍ക്ക് പരിക്കേറ്റു. 1400ഓളം പേരുടെ നില ഗുരുതരമാണ്. ഉള്‍പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോ?ഗമിക്കുകയാണ്.
ഉള്‍പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്തതും വൈദ്യുതി ഇല്ലാത്തതും സ്ഥിതി രൂക്ഷമാക്കി. വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് ഹൈ അറ്റ്ലസ് പര്‍വതനിരകളില്‍ റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രകമ്പനം സ്പെയിനിലും പോര്‍ച്ചുഗലിലുംവരെ അനുഭവപ്പെട്ടു. അറ്റ്ലസ് പര്‍വതനിരയില്‍ നിരവധി ചെറുകാര്‍ഷിക ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട ഇഖില്‍ ആണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നും 70 കിലോമീറ്റര്‍ അകലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മാരാകേഷിലെ പഴയ നഗരത്തിലും കേടുപാടുകള്‍ സംഭവിച്ചു. വിനോദ സഞ്ചാര സീസണ്‍ അവസാനിച്ചെങ്കിലും ഒട്ടേറെ വിദേശികള്‍ നഗരത്തില്‍ ഉണ്ടായിരുന്നു. ഇഖിലില്‍നിന്ന് ഏകദേശം 350 കിലോമീറ്റര്‍ വടക്കുള്ള തലസ്ഥാന നഗരിയായ റബറ്റ്, തീരദേശ പട്ടണമായ ഇംസോവാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഭൂകമ്പം ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയ്തു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കണക്കനുസരിച്ച്, 1960-ന് ശേഷം മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. 1960ലെ ഭൂചലനത്തില്‍ 12,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഭൂകമ്പത്തിന്‍റെ മുന്‍കരുതല്‍ നടപടികള്‍ അവഗണിച്ച് അടുത്തടുത്തുള്ള കെട്ടിടങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ താമസിച്ചത് മൊറോക്കോയില്‍ ഭൂകമ്പത്തിന്‍റെ വ്യാപ്തി വലുതാക്കി.
