മലപ്പുറം: കാല്പന്തുകളിയുടെ ഹൃദയതാളത്തിലലിഞ്ഞ മലപ്പുറം ജില്ലയുടെ ആസ്ഥാനനഗരിയിലിതാ ഒരു മനോഹര കാഴ്ച. ഭരണസിരാകേന്ദ്രമായ കുന്നുമ്മലില്‍ നഗര സൗന്ദര്യവത്കരണ ഭാഗമായി കൂറ്റന്‍ പന്ത് സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാതയില്‍ ഡി.ടി.പി.സി ഹാളിന് എതിര്‍വശത്തെ ഡിവൈഡറില്‍ ഇതോടൊപ്പം ഗോള്‍ പോസ്റ്റും വലയുമുള്ള കൊച്ചു ടര്‍ഫ് മാതൃകയും ഒരുക്കുന്നുണ്ട്.
പൊലിമ കൂട്ടാന്‍ അലങ്കാര വിളക്കുകള്‍ കൂടിയെത്തുന്നതോടെ ഇവിടം ലങ്കിമറിയും. ഫുട്ബാളും മലപ്പുറവും തമ്മിലെ ഇഴപിരിക്കാനാവാത്ത ബന്ധമാണ് കൊച്ചു ടര്ഫുണ്ടാക്കാന് നഗര ഭരണകൂടത്തെ പ്രേരിപ്പിച്ചത്.സ്വാഗത കമാനങ്ങള്‍, പ്രധാന കവലകളില്‍ സ്ഥലസൂചിക ബോര്‍ഡുകള്‍, അലങ്കാര വിളക്കുകള്‍, നവീകരിച്ച ബസ് ബേകള്‍ എന്നിവ ഒന്നാം ഘട്ടത്തില്‍ സ്ഥാപിച്ചിരുന്നു. സംസ്ഥാനപാതയില്‍ നൂറടിപ്പാലത്തിലും മൈലപ്പുറത്തുമാണ് ആദ്യം എല്‍.ഇ.ഡി അലങ്കാര വിളക്കുകള്‍ പ്രകാശിച്ചത്.
രണ്ടാം ഘട്ടം കുന്നുമ്മലില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് മുതല്‍ കോരങ്ങോട് വരെയും സ്ഥാപിച്ചിട്ടുണ്ട്. മുണ്ടുപറമ്പ് കാവുങ്ങല്‍, മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപാസുകളിലും അലങ്കാര വിളക്കുകളുണ്ടാവും. സി.സി.ടി.വി കാമറകളും സ്ഥാപിച്ചുവരുകയാണ്.