ഗുവാഹത്തി: അസം-മേഘാലയ അതിര്‍ത്തിയിലെ അക്രമണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മേഘാലയയിലേക്കുള്ള യാത്ര വിലക്ക് പിന്‍വലിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തി ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് വിലക്ക് നീക്കി കൊണ്ട് അസം പൊലീസ് ഉത്തരവിറക്കിയത്.
അസമില്‍ നിന്നുള്ള വാഹനങ്ങള്‍ മേഘാലയയില്‍ പ്രവേശിക്കുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ച അസം-മേഘാലയ അതിര്‍ത്തിയിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം പൊലീസ് നിര്‍ദേശം നല്‍കിയത്. തര്‍ക്ക അതിര്‍ത്തിക്ക് സമീപമുള്ള മുക്രോഹ് ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡ് ഉള്‍പ്പടെ ആറ് പേരാണ് കൊല്ലപ്പെട്ടത്.