ഇംഫാല്‍: മെയ്തികളെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി.മെയ്തികളെ നാലാഴ്ചക്കകം പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാറിനുള്ള നിര്‍ദേശം ഹൈകോടതി ഒഴിവാക്കി. നേരത്തെ കുക്കികളെ ചൊടിപ്പിച്ച നിര്‍ദേശമായിരുന്നു ഇത്. ഈ ഉത്തരവ് സംസ്ഥാനത്തെ വംശീയ കലാപം വര്‍ധിപ്പിക്കുമെന്ന് ഹൈകോടതി നിരീക്ഷിച്ചു.
ഗോത്രങ്ങളെ പട്ടിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ മുന്‍ ഉത്തരവ് ഉദ്ധരിച്ച ഹൈക്കോടതി, ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്നും കോടതികള്‍ക്ക് അതില്‍ പങ്കില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നായിരുന്നു മെയ്തികളെ നാലാഴ്ചക്കകം പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ കുക്കികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മേയ് മുതല്‍ മണിപ്പൂരില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 200ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കലാപത്തീ ഇതുവരെ സംസ്ഥാനത്ത് അണഞ്ഞിട്ടുമില്ല.