കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ റയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടരുതെന്ന് ഡിവിഷണല്‍ റയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടന്‍സി കമ്മിറ്റി (ഡി ആര്‍ യു സി സി ) മെമ്പര്‍ ഡോ. എ. വി പ്രകാശ് റയില്‍വേ അധികൃതരോടാവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ റയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഏറെ ആശ്വാസവും സഹായകരവുമാണ്. പ്രത്യേകിച്ചും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലേക്കും മറ്റും റഫര്‍ ചെയ്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ട്രെയിന്‍ടിക്കറ്റ് വളരെ പെട്ടെന്നുതന്നെ ഉറപ്പുവരുത്താന്‍ ഈ കേന്ദ്രം വഴി സാധിക്കും. രോഗികള്‍ക്കു ഏറെ പ്രയോജനം ലഭിക്കുന്ന ഈ കേന്ദ്രം ഒരു കാരണവശാലും അടച്ചുപൂട്ടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് സന ടവറില്‍ പ്രവര്‍ത്തിക്കുന്ന റയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. അടുത്തകാലത്തായി ചില ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല.രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പെട്ടെന്ന് ടിക്കറ്റ് ലഭിക്കുന്ന കേന്ദ്രം നിര്‍ത്തലാക്കിയാല്‍ അതു ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കും.
മെഡിക്കല്‍ കോളേജിലെയും സമീപപ്രദേശങ്ങളിലെയും നിരവധി ആളുകളാണ് ടിക്കറ്റിനായി ഇവിടെയെത്തുന്നത്. അതിനാല്‍ പ്രസ്തുത കേന്ദ്രം നിലനിര്‍ത്തണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.