കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മാവൂര്‍,പെരുമണ്ണ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ നിര്‍ത്തുന്ന സ്ഥലത്ത് ബസ് സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിപ്പിട സൗകര്യമോ ബസ് ഷെല്‍ട്ടറോ ഇല്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
കഠിനമായ വേനലില്‍ ഇവിടെ ബസ് കാത്തുനിന്ന യാത്രക്കാര്‍ ഇനി നേരിടുന്നത് ശക്തമായ മഴയെയാണ്. വേനലിലും മഴയിലും അതില്‍ നിന്നും രക്ഷനേടാന്‍ മേല്‍ക്കൂരയുള്ള ഷെല്‍ട്ടര്‍ ഇല്ല.
വാഹനങ്ങളുടെ തിരക്കും അപകടങ്ങളും വര്‍ധിച്ചതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ ബസ് യാത്രികര്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയില്ല.ബസുകളുടെ സമയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച കുടയ്ക്ക് ചുവട്ടിലാണ് ബസ് കയറാനെത്തുന്നവരില്‍ പലരും നില്‍ക്കുന്നത്. ചൂട് താങ്ങാന്‍ കഴിയാതായതോടെയാണ് ബസുടമകളുടെ നേതൃത്വത്തില്‍ റോഡരികിലായി കുട സ്ഥാപിച്ചത്. ഈ കുടയാണിപ്പോള്‍ യാത്രക്കാരുടെ ഏക ആശ്രയം.
കുന്ദമംഗലം, താമരശേരി, കൊടുവള്ളി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷന് മുന്നിലാണ് നിര്‍ത്തുന്നത്. ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. പേരിനൊരു ബസ് സ്റ്റോപ്പ് ഉണ്ടെങ്കിലും സൗകര്യം പരിമിതമാണ്.