പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ നിന്ന് പടിയിറങ്ങിയ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക്. കരാറുമായി ബന്ധപ്പെട്ട അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മെസി പാരീസില്‍ എത്തുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ കരാറാണ് മെസിയ്ക്ക് മുന്നില്‍ പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി അധികൃതര്‍.
ആഴ്ചയില്‍ 7,69,230 യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ മെസിക്ക് ലഭിക്കും. ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് .
മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്കുന്ന തുകയും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. പിഎസ്ജിയുമായി കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചാല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ താരം പാരീസിലെത്തി മെഡിക്കല്‍ പൂര്‍ത്തിയാകും.
