കാട്ടിക്കുളം: മൂന്നാഴ്ചയായി മാനന്തവാടിക്കടുത്തുള്ള ഗ്രാമങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കടുവയെ ഞായറാഴ്ച കാടരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല.ജനവാസമേഖലകളില്‍ നിന്നുമാറി ബേഗൂര്‍ വനത്തിലേക്കുകടന്ന കടുവ ശനിയാഴ്ച വൈകീട്ടോടെ വനംവകുപ്പിന്‍റെ നിരീക്ഷണവലയത്തിലായിരുന്നു. കാട്ടിനുള്ളില്‍ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ മയക്കുവെടിവെച്ച് പിടികൂടാനാവുമെന്നായിരുന്നു വനംവകുപ്പിന്‍റെ പ്രതീക്ഷ.
ഞായറാഴ്ച രാവിലെമുതല്‍ മൂന്നു മയക്കുവെടി സംഘങ്ങളുള്‍പ്പെടെ കാടരിച്ചുപെറുക്കിയെങ്കിലും കടുവയെ എവിടെയും കണ്ടില്ല. വിവിധ സ്ഥലങ്ങളില്‍ പുതുതായി കാല്‍പ്പാടുകള്‍ കണ്ടതോടെ എല്ലാ വഴിയും അടച്ചായിരുന്നു തിരച്ചില്‍. കാവേരിപ്പൊയില്‍ ഭാഗത്തെ വയലിലും വനത്തിലുള്ളിലേക്ക് കടക്കുന്ന ഭാഗത്തും കാല്‍പ്പാടുകള്‍ കണ്ടു. കാട്ടിനുള്ളിലേക്ക് കടന്ന കടുവ അതേവഴി തിരിച്ചുവന്ന നിലയിലാണ് കാല്‍പ്പാടുകളുള്ളത്. കാട്ടില്‍ വേറെ കടുവയുള്ളതുകൊണ്ടാവും ഇതെന്നാണ് കരുതുന്നത്. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നും ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുമായിരുന്നു ഞായറാഴ്ചത്തെ തിരച്ചില്‍.
സാന്നിധ്യം സംശയിച്ചിടത്ത് ആടിനെ കെട്ടി ഏറുമാടത്തില്‍ മയക്കുവെടി സംഘം കാത്തിരുന്നെങ്കിലും കടുവ ആ കെണിയിലും വീണില്ല. ഈ മേഖലകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.കഴുത്തില്‍ മുറിവേറ്റ കടുവ ക്ഷീണിതനാണെന്ന് നിഗമനം. ഇതോടെ ഇതിന്‍റെ സഞ്ചാരം കുറഞ്ഞിട്ടുണ്ട്. ഉത്തരമേഖലാ സി.സി.എഫ്. ഡി.കെ. വിനോദ് കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്രബാബു, ആറളം ഡി.എഫ്.ഒ. വി. സന്തോഷ് കുമാര്‍, കണ്ണൂര്‍ ഡി.എഫ്.ഒ. പി. കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തില്‍ ഇരുനൂറോളം വനം വകുപ്പ് ജീവനക്കാരാണ് കടുവയെ തിരയുന്നത്.
തമിഴ്നാട്ടിലെ മുതുമല കടുവസങ്കേതത്തില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധരും ഞായറാഴ്ച ദൗത്യത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.