കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഇല്ലെന്നും വീഴ്ച കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിന് പിന്നില്‍ ഉന്നതബന്ധങ്ങളുണ്ടോയെന്ന ചോദ്യവും ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ചു. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചക്ക് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.
മൂന്നാറിലെ ഭൂമി കൈയേറ്റ കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചാണ് കടുത്ത അതൃപ്തി വ്യക്തമാക്കി വീഴ്ചയില്‍ സിബിഐ അന്വേഷണത്തിന്‍റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. 14വര്‍ഷമായി കൈയേറ്റം ഒഴിപ്പിക്കല്‍ നിലച്ച മട്ടാണ്.
കോടതി പല ഘട്ടങ്ങളിലായി ഉത്തരവുകള്‍ നല്‍കുന്നെങ്കിലും ആരും നടപ്പാക്കുന്നില്ല. കഴിഞ്ഞ ജനുവരി ഒമ്പതിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ലാന്‍റ് റവന്യൂ കമ്മീഷണറും, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും അംഗങ്ങളായി മോണിറ്ററിംഗ് സമിതി രൂപീകരിച്ച് കോടതി ഉത്തരവിട്ടിരുന്നു.
മൂന്നാറിലെ കൈയേറ്റത്തിന്‍റെ സാഹചര്യം പരിശോധിച്ച് എവിടെയാണ് വീഴ്ചയെന്നത് റിപ്പോര്‍ട്ടായി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതുവരെ ആരും അനങ്ങിയിട്ടില്ല. കാരണവും കോടതിയെ അറിയിച്ചില്ല.
കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന പ്രദേശത്ത് ഭൂരേഖകളുടെ പരിശോധന നടക്കാത്തത് ഉന്നതരെ സഹായിക്കാനാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുല്‍ ഹക്കീം എന്നിവരടങ്ങിയ മൂന്നാര്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.അട്ടിമറിയുടെ കാരണം കണ്ടെത്താന്‍ സിബിഐ ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. നടപടിയില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് ഉച്ചക്ക് 1.45 ന് തന്നെ ഉദ്യോഗസ്ഥനോട് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടത്.