ന്യൂഡല്‍ഹി: ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. ബോയിങ്ങിന്‍റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിച്ച ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷന്‍റെ പൈലറ്റാണ് സുനിത. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന്‍റെ ഭാഗമായുള്ള സ്റ്റാര്‍ലൈനറിനായുള്ള ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റിന്‍റെ വിക്ഷേപണം മെയ് 6 ന് രാവിലെ 8:04-നാണ്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ സേനാ നിലയത്തിലെ ബഹിരാകാശ വിക്ഷേപണ കോംപ്ലക്സ്-41ല്‍ നിന്നാണ് വിക്ഷേപണം.
സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ ഉണ്ടാകും. വിക്ഷേപണം, ഡോക്കിങ്, ഭൂമിയിലേക്ക് മടങ്ങല്‍ എന്നിവയുള്‍പ്പെടെ സ്റ്റാര്‍ലൈനര്‍ സിസ്റ്റത്തിന്‍റെ എന്‍ഡ്-ടു-എന്‍ഡ് കഴിവുകള്‍ പരീക്ഷിച്ചുകൊണ്ട് അവര്‍ ഒരാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ തങ്ങും.