മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റു

Kerala

. 71 മന്ത്രിമാര്‍ .ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം നരേന്ദ്രമോദി തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി . കേരളത്തിന് ഇരട്ടിമധുരം . 31 ക്യാബിനറ്റ് മന്ത്രിമാരില്‍ 26 പേര്‍ ബി.ജെ.പിയില്‍ നിന്ന്, അഞ്ചുപേര്‍ ഘടകകക്ഷികളില്‍ നിന്ന്

ന്യൂഡല്‍ഹി : തുടര്‍ച്ചയായി മൂന്നാം തവണയും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു. മൂന്നാംവട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മോദി മോദി എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിയെ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം നരേന്ദ്രമോദിയാണ് തുടര്‍ച്ചയായി മൂന്നാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത്. 71 മന്ത്രിമാരാണ് മോദിയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രി സ്ഥാനമാണ് ഇരുവര്‍ക്കും ലഭിച്ചത്. ബി.ജെ.പിക്കാണ് ഭൂരിപക്ഷം ക്യാബിനറ്റ് മന്ത്രി സ്ഥാനം. പ്രധാന ഘടകകക്ഷിയായ ടി.ഡി.പി ക്കും ജെ.ഡി. യുവിനും ഒരു ക്യാബിനറ്റ് മന്ത്രിമാര്‍ വീതമാണുള്ളത്. 31 ക്യാബിനറ്റ് മന്ത്രിമാരില്‍ 26 പേരും ബി.ജെ.പിയില്‍ നിന്നാണ് അഞ്ച് പേര്‍ ഘടകകക്ഷികളില്‍ നിന്നും. ഘടകകക്ഷികളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജനതാദള്‍ (സെക്കുലര്‍) എം.പി എച്ച്.ഡി. കുമാരസ്വാമിയാണ്.
പ്രധാനമന്ത്രിക്കും നിയുക്ത മന്ത്രിമാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കെടുത്തു. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിംഗും മൂന്നാമത് അമിത്ഷാ യും തുടര്‍ന്ന് നിധിന്‍ ഗഡ്ഗരി, ജെ.പി.നദ്ദ, ശിവരാജ് ചൗഹാന്‍, നിര്‍മ്മല സീതാരാമന്‍, എസ്.ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടാര്‍ എച്ച്.ഡി. കുമാരസ്വാമി, പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രദാന്‍, ജിതിന്‍ റാം മാഞ്ചി,ലല്ലന്‍സിംഗ്,സര്‍ബാനന്ദ സോനോവാള്‍, വീരേന്ദ്രകുമാര്‍ ഖടീക്, രാംമോഹന്‍ നായിഡു, പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിംഗ്,അശ്വിനി വൈഷ്ണവ്,ജ്യോതിരാദിത്യ സിന്ധ്യ, ഭുപേന്ദര്‍യാദവ്, അന്നപൂര്‍ണ ദേവി, കിരണ്‍ റിജിജു, ഹര്‍ദീപ്സിംഗ് പുരി, മന്‍സൂഖ് മാണ്ഡവ്യ, ജി.കിഷന്‍ റെഡ്ഢി, ചിരാഗ് പസ്വാന്‍, സി.ആര്‍. പാട്ടീല്‍, റാവു ഇന്ദര്‍ജിത്, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ റാം മേഘ് വാള്‍, പ്രതാപ് റാവു ജാദവ്, ജയന്ത് ചൗധരി തുടങ്ങി 71 പേര്‍ സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനില്‍ ഇന്നലെ രാത്രി 7.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.8000ല്‍ അധികം പേര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഭരണാധികാരികള്‍ക്കും മറ്റ് അതിഥികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഒപ്പം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ 250 പേര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്‍റ് അഹമ്മദ് ഓഫീസ്, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്‍റ് റണില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, എന്‍.ഡി.എ ഘടക കക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍,ഏക്നാഥ് ഷിന്‍ഡെ, അജിത് പാവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, മുകേഷ് അംബാനി , വ്യവസായപ്രമുഖരും സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. ഇന്ത്യ മുന്നണി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *