മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍
ഇന്ത്യ തയ്യാറെന്ന് നീതി അയോഗ്

India Latest News

വിശാഖപട്ടണം: രാജ്യത്ത് മൂന്നാമതൊരു കൊവിഡ് തരംഗമുണ്ടായാല്‍ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് നീതി അയോഗ് വൈസ് ചെയര്‍മാന്‍ ഡോ.രാജീവ് കുമാര്‍. 2019-20 വര്‍ഷങ്ങളില്‍ കൊവിഡ് മൂലം ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും രാജ്യം പുറത്തുകടക്കുകയാണെന്നും ഡോ. രാജീവ് പറഞ്ഞു. വിശാഖപ്പട്ടണത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റ് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സൂചകങ്ങളെല്ലാം മെച്ചപ്പെടുന്നതിന്‍റെ സൂചന കാട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗമുണ്ടായാലും മുന്‍പത്തെക്കാള്‍ നന്നായി നാം തയ്യാറായിക്കഴിഞ്ഞു. അതിനാല്‍ സാമ്പത്തികമായി മുന്‍പുണ്ടായത് പോലെ തകര്‍ച്ച ഇന്ത്യക്ക് നേരിടേണ്ടി വരില്ല. ‘ഐസിഎംആര്‍ പറഞ്ഞതനുസരിച്ച് രാജ്യത്തെ മൂന്നില്‍ രണ്ട് പേര്‍ക്കും രോഗം വഴിയോ വാക്സിനിലൂടെയോ പ്രതിരോധ ശേഷി വന്നുകഴിഞ്ഞു.’ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.
ലോകത്തെ മികച്ച മൂന്നാമത് സ്റ്റാര്‍ട്ടപ്പ് സംവിധാനമുളളത് ഇന്ത്യയിലാണ്. എന്നാല്‍ ഗ്ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്സില്‍ ഇന്ത്യ 48ാം സ്ഥാനത്താണ്. ഇത് ആദ്യ പത്ത് സ്ഥാനങ്ങളിലെത്താന്‍ ശ്രമം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എന്‍ പ്രിന്‍സിപ്പിള്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ മാനേജ്മെന്‍റ് എഡ്യുക്കേഷനായി സൈനപ്പ് ചെയ്യുന്ന മൂന്നാം ഐഐഎം ആയി വിശാഖപ്പട്ടണത്തെ ഐഐഎം മാറി. ഇതോടെ 95 രാജ്യങ്ങളിലെ 860ഓളം പ്രമുഖ ബിസിനസ് സ്കൂളുകളുടെ ശൃഖലയില്‍ ഐഐഎം ഉള്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *