മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ സമദാനി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിംഗ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ്. തമിഴ്നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല. കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കും. മുന്നണിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും കേരളത്തിലെ 20 യു. ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പ് വരുത്തുമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.