മുസ്ലീം ലീഗിന് മൂന്നാം സീറ്റ് നല്‍കാന്‍ പ്രയാസമെന്ന് കോണ്‍ഗ്രസ്

Kerala

. പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന് നിര്‍ദ്ദേശം

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാമത്തെ സീറ്റ് നല്‍കുന്ന കാര്യത്തില്‍ പ്രയാസം അറിയിച്ച് കോണ്‍ഗ്രസ്. മൂന്നാം സീറ്റ് നല്‍കാനാകില്ലെന്നും പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഇന്നലെ നടന്ന ഉഭയകക്ഷി യോഗത്തിലാണ് ഈ നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ആലോചിച്ച് മറുപടി പറയാമെന്നാണ് ലീഗിന്‍റെ നിലപാട്. നാളെ ചേരുന്ന ലീഗ് യോഗം കോണ്‍ഗ്രസ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിര്‍ദ്ദേശം ലീഗിന് മുന്നില്‍ വെച്ച കാര്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും.
ലീഗിനായി പി.കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, പി. എം. എ. സലാം, കെ.പി.എ .മജീദ് എന്നിവരും കോണ്‍ഗ്രസിനായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ പറഞ്ഞു. അന്തിമതീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തൃപ്തികരമായ ചര്‍ച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തി പാണക്കാട് വച്ച് ലീഗ് യോഗം ചേരും. ചര്‍ച്ചകള്‍ വിലയിരുത്തി അന്തിമ തീരുമാനം ലീഗ് സ്വീകരിക്കുമെന്നും പി. കെ. കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം പ്രതികരിച്ചു.
നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണമെന്നതാണ് ലീഗിന്‍റെ ആവശ്യം. എന്നാല്‍ ഇതിനോട് അനുഭാവ പൂര്‍ണമായ നിലപാടല്ല സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതലേ സ്വീകരിച്ചത്. ലീഗിനെ അധികം പിണക്കാതെയുളള ഫോര്‍മുലയെന്ന നിലയിലാണ് രാജ്യസഭാ സീറ്റെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ഇതില്‍ ലീഗ് വഴങ്ങിയാല്‍ തര്‍ക്കം തീരും

Leave a Reply

Your email address will not be published. Required fields are marked *