മുല്ലപ്പെരിയാര്‍: മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന് തമിഴ്നാട്

Latest News

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്.മേല്‍നോട്ടസമിതി യോഗത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യം മുന്നോട്ട് വെച്ചത്. പതിനഞ്ച് മരങ്ങള്‍ മുറിക്കാനുള്ള അനുമതി അടിയന്തിരമായി നല്‍കണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മരം മുറിക്കാന്‍ വനം വകുപ്പിന്‍റേത് ഉള്‍പ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്‍റെ പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി.
തുടര്‍ന്ന് അനുമതിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മേല്‍നോട്ട സമിതി ഗുല്‍ഷന്‍ രാജ് കേരളത്തിന്‍റെ പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോള്‍ കേരളം മേല്‍നോട്ടസമിതിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ആണ് മേല്‍നോട്ടസമിതിയുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നത്. നിലവില്‍ മഴ ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മേല്‍നോട്ടസമിതി യോഗം വിലയിരുത്തി.
അതെസമയം, മുല്ലപ്പെരിയാര്‍ അണകെട്ട് ശക്തിപ്പെടുത്തത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തിന്‍റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണത്തിനും അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്‍റെ സഹകരണം ആവശ്യപ്പെട്ടു. ബേബി അണകെട്ട് ശക്തിപ്പെടുത്തണമെങ്കില്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി ആവശ്യമാണ്. ഇത് അടിയന്തിരമായി നല്‍കണമെന്നും തമിഴ്നാട് യോഗത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *