തിരുവനന്തപുരം: ബേബി ഡാമിന്റെ പരിസരത്ത് നിന്ന് മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കുവാനായി തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ ആറിനാണ്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍പ്പറഞ്ഞ ഉത്തരവ് നവംബര്‍ ഏഴിന് ഞായറാഴ്ച അവധിദിവസമായിരിന്നിട്ടു കൂടി മരവിപ്പിച്ചുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ചിട്ടുള്ളത്.സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്നമേ ഉദിക്കുന്നില്ല. നിലവില്‍ സുപ്രീംകോടതിയില്‍ ഹിയറിങ്ങിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശക്തമായ രീതിയില്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്.
മറുപടി സത്യവാങ്മൂലത്തിന്റെ ഖണ്ഡിക പതിനേഴില്‍ തമിഴ്നാടിന്റെ മരംമുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
കടുവസങ്കേതത്തിന്റെ ഭാഗമായതിനാല്‍ മരം മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ്ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണ്. ഇതിനു പുറമെ 1980 ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തല്‍ക്കാലത്തേക്ക് മാറ്റി വച്ചതായി വനം വകുപ്പ് അറിയിച്ചു.
തുടര്‍ നടപടികള്‍ ഇല്ലാതെയാണ് മാറ്റി വച്ചിരിക്കുന്നതെന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.പെരിയാര്‍ കടുവാ സങ്കേതത്തിലെ മരം മുറിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോര്‍ഡിന്റെയും അനുവാദം ആവശ്യമാണ്. ഇത് ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലാത്തതിനാല്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഉത്തരവ് താല്‍ക്കാലികമായി മാറ്റി വയ്ക്കുന്നു എന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
അതേസമയം മരങ്ങള്‍ വെട്ടി മാറ്റാന്‍ തമിഴ്നാടിന് അനുമതി നല്കിയ ഉത്തരവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടിയേക്കുമെന്ന് സൂചന. ജലവിഭവ വകുപ്പ് വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്നാണ് വനം വകുപ്പ് പറയുന്നത്. യോഗം ചേരാനുള്ള കാരണങ്ങള്‍ ജലവിഭവ, വനം വകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കണം.
