മുല്ലപ്പെരിയാര്‍ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ വനം വകുപ്പും കേസെടുത്തു

Latest News

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ വനം വകുപ്പും കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്.രണ്ട് റിട്ടയര്‍ഡ് എസ് ഐമാരടക്കം നാല് പേര്‍ക്കെതിരെയാണ് കേസ്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകര്‍ക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവര്‍ കയറിയതില്‍ ആണ് നടപടി. തേക്കടിയില്‍ നിന്നും ബോട്ടിലാണ് ഇവര്‍ പോയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് ജലസേചന വകുപ്പിന്‍റെ ബോട്ടില്‍ കുമളി സ്വദേശികളായ നാല് പേര്‍ ഡാമില്‍ എത്തിയത്. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് നാല് പേര്‍ അനധികൃതമായി ഡാമില്‍ എത്തിയത്. ഇവരെ പരിശോധിക്കാതെയാണ് കേരള പൊലീസ് കടത്തി വിട്ടത്. ഇവരുടെ പേര് വിവരങ്ങള്‍ ജി ടി രജിസ്റ്ററില്‍ രേഖപ്പെടുത്തുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഇത് ഗുരുതര വീഴ്ച എന്നാണ് മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മനസ്സിലായത്. സുരക്ഷാവീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി, എസ് പിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ എസ് പി നടപടി പ്രഖ്യാപിക്കും. സംഭവം വിവാദമായപ്പോള്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുള്‍ സലാം, ദില്ലി പൊലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്. !ഡാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്ബോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്‍റെ ഗുരുതര വീഴ്ച. തമിഴ്നാട് സംഘമെന്ന് തെറ്റിധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്ത് കൊണ്ടു ജി ഡി രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തിയില്ല എന്ന ചോദ്യമുണ്ട്. സംഭവം വിവാദമായതോടെ ഈ നാല് പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *