ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി രണ്ടാംവാരത്തിലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് ഏതെല്ലാം സുപ്രധാന വിഷയങ്ങളാണ് പരിഗണിക്കേണ്ടതെന്നതില്‍ കക്ഷികളുടെ അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനത്തില്‍ എത്തണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഏതെല്ലാം വിഷയങ്ങളിലാണ് തര്‍ക്കമുള്ളതെന്നും അറിയിക്കണം. വാദമുഖങ്ങള്‍ എഴുതിനല്‍കാന്‍ ഫെബ്രുവരി നാലുവരെ സമയം നല്കി.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സമീപത്ത് ജീവിക്കുന്നവരുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കേസാണ് ഇതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അണക്കെട്ടിന്‍റെ ഭരണപരമായ വിഷയങ്ങള്‍ നിയന്ത്രിക്കല്‍ കോടതിയുടെ ഉത്തരവാദിത്വമല്ല. ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിദഗ്ധസമിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അണക്കെട്ടിന്‍റെ സുരക്ഷ, അതുയര്‍ത്തുന്ന ആശങ്ക തുടങ്ങിയവയിലെ നിയമ പ്രശ്നങ്ങളില്‍ തീരുമാനമെടുക്കലാണ് കര്‍ത്തവ്യമെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനസര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഡ്വ. ജി പ്രകാശ് എന്നിവര്‍ ഹാജരായി.