ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. നിലവില്‍ ഒന്‍പത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.സെക്കന്‍ഡില്‍ 5600 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 141.9 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.സ്പില്‍വേയിലെ ഷട്ടറുകള്‍ രാത്രി ഉയര്‍ത്തിയിരുന്നെങ്കിലും പതിനൊന്ന് മണിയോടെ ഒരു ഷട്ടര്‍ ഒഴിച്ച് ബാക്കിയെല്ലാം അടച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെ, ആദ്യം നാല് ഷട്ടറുകള്‍ ഉയര്‍ത്തി. അരമണിക്കൂറിന് ശേഷം വീണ്ടും നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു.
പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും, തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. നിലവില്‍ 2400.66 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.