മുലായത്തിന്‍റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു

Latest News

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്‍റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു.നിരവധി ബിജെപി നേതാക്കള്‍ എസ്പിയിലേക്ക് പോയതിന് ശേഷം ഉണ്ടായ ഈ വരവ് ബിജെപി നേതൃത്വത്തിന് ആശ്വാസമാണ്. മുലായം സിംഗ് യാദവിന്‍റെ ഇളയ മകന്‍ പ്രതീകിന്‍റെ ഭാര്യയാണ് അപര്‍ണ യാദവ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സംരംഭങ്ങളെ പുകഴ്ത്തി അപര്‍ണ യാദവ് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള അപര്‍ണയുടെ നിര്‍ണായക നീക്കം അഖിലേഷ് യാദവിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മുലായം സിംഗ് യാദവിന്‍റെ ഭാര്യാ സഹോദരനും മുന്‍ എംഎല്‍എയുമായ പ്രമോദ് ഗുപ്ത ഇന്ന് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ഔറയ്യ ജില്ലക്കാരനാണ് പ്രമോദ് ഗുപ്ത.അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിച്ചേക്കും. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കുറി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നുമായിരുന്നു അഖിലേഷ് മുന്‍പ് പറഞ്ഞിരുന്നത്.
കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ അസംഗഢില്‍നിന്നുള്ള എം.പിയാണ് നിലവില്‍ അഖിലേഷ്. ഏത് സീറ്റില്‍നിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യു.പി മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗി ആദിത്യനാഥ് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് അഖിലേഷ് യാദവും കളത്തിലിറങ്ങുന്നത്.സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, ദാരാ സിങ് ചൗഹാന്‍ എന്നീ മൂന്ന് യുപി മന്ത്രിമാരും നിരവധി എംഎല്‍എമാരും കഴിഞ്ഞയാഴ്ച ബിജെപിയില്‍നിന്ന് എസ്പിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *