മുലായംസിംഗ് ഓര്‍മ്മയായി

Latest News

ഇറ്റാവ: എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് ഓര്‍മ്മയായി.ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിന്‍റെ ജന്മനഗരമായ സൈഫയില്‍ ആയിരുന്നു സംസ്കാര ചടങ്ങുകള്‍. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍ ദേശീയരാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുത്തു. മകന്‍ അഖിലേഷ് യാദവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ മുലായത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൈഫയിലെ മുലായം സിംഗിന്‍റെ കുടുംബവീട്ടില്‍ നിന്നും ശ്മശാനത്തിലേക്കുള്ള വിലാപ യാത്രയില്‍ നാട്ടുകാരും എസ്.പി പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് പേരാണ് അണിനിരന്നത്.സയ്ഫായിയിലെ പൊതുമൈതാനത്ത് ഇന്നലെ രാവിലെ മുതല്‍ ജനങ്ങള്‍ക്കായി പൊതുദര്‍ശനത്തിന് അവസരമൊരുക്കി. ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള അടക്കമുള്ള നേതാക്കള്‍ മുലായത്തിന് ഇവിടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് ദേശീയ അധ്യക്ഷനുമായ കെ.സി.ആര്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ആര്‍ജെഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, യുപി ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ, മുലായത്തിന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവരും സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു.സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനും മൂന്ന് തവണ യുപി മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്ന മുലായം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്‍റെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മുലായത്തിന്‍റെ മരണത്തെ തുടര്‍ന്ന് യുപിയില്‍ ബിജെപി സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *