ദോഹ: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ ഒഴിവാക്കി ഖത്തര്‍. എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷയാണ് ഒഴിവാക്കിയത്. ഇവരുടെ വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. അപ്പീല്‍ കോടതിയിലെ വാദത്തിന് ശേഷമാണ് ആശ്വാസ നടപടി. 2022 ഓഗസ്റ്റ് മുതല്‍ നാവികര്‍ ഖത്തറില്‍ തടവിലാണ്. ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ ഖത്തര്‍ വധശിക്ഷ വിധിച്ചിരുന്നത്.ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷത്തോളം ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇവര്‍.വിരമിച്ചശേഷം ദോഹയിലെ ഒരു പ്രതിരോധസേവന കമ്പനിയില്‍ പ്രവര്‍ത്തിച്ചുവരികെയാണ് അറസ്റ്റിലായത്.
ജാമ്യത്തിനായി നിരവധി തവണ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം തള്ളുകയായിരുന്നു. എട്ടുപേരെയും ഒരു വര്‍ഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തര്‍ കോടതി ഒക്ടോബര്‍ 26ന് വധശിക്ഷ വിധിച്ചത്. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കാന്‍ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.