മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു

Latest News

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭരണപരിഷ്കാര കമ്മിഷന്‍ അംഗമാണ്. സംസ്കാരം നാളെ രാവിലെ 11ന് ശാന്തികവാടത്തില്‍. സാഹിത്യകാരന്‍ എന്‍.പി ചെല്ലപ്പന്‍ നായരുടെ മകനാണ്. ഏതാനും കാലം കോളജ് അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒറ്റപ്പാലം സബ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്‍റെ ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.1982 87ല്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കെഇആര്‍ പരിഷ്ക്കരണം അടക്കം ഭരണപരിഷ്ക്കാര മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കി. സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായര്‍. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മീഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഒന്നാം റാങ്കില്‍ ബിഎ ഓണേഴ്സ് ബിരുദം നേടിയ നായര്‍ കോഴഞ്ചേരി സെന്‍റ് തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചു. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിശങ്കര്‍, ഗായത്രി.

Leave a Reply

Your email address will not be published. Required fields are marked *