കൊച്ചി: സംഘപരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഭൗതികദേഹം ഇന്നലെ ഉച്ചയോടെ എളമക്കരയിലെ ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നും നൂറ് കണക്കിന് ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി. വൈകുന്നേരത്തോടെ തൃശൂരില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുപോയി. തുടര്‍ന്നു കോഴിക്കോട്ടും തലശേരിയിലേക്കും.ഇന്ന് വൈകിട്ട് പേരാവൂര്‍ മണത്തണ കുടുംബ പൊതു ശ്മശാനത്തിലാണ് സംസ്കാരം.സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കെയാണ് 1990 ല്‍ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. 2004 വരെ ആ സ്ഥാനത്തു തുടര്‍ന്നു. കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ 9 നാണ് പി.പി.മുകുന്ദന്‍ ജനിച്ചത്. സഹോദരങ്ങള്‍ .പരേതനായ കുണ്ണിരാമന്‍, പി.പി.ഗണേശന്‍, പി.പി.ചന്ദ്രന്‍. മണത്തല യു.പി സ്കൂള്‍, പേരാവൂര്‍ സെന്‍റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍.എസ്.എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന്‍ അറസ്റ്റിലായി. 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ടു കാലം പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദന്‍ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. രാഷ്ട്രീയ എതിരാളികളടക്കമുള്ളവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. 1988 മുതല്‍ 1995 വരെ ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 നു ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന മുകുന്ദന്‍, 2022 ഓടെ ബി.ജെ.പിയിലേക്ക് തിരികെയെത്തി.
