.വിടവാങ്ങിയത് സി.പി.എമ്മിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്നലെ രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1964-ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എമ്മിന് രൂപം നല്‍കിയവരിലൊരാളായിരുന്നു ശങ്കരയ്യ. 1967, 1977, 1980 വര്‍ഷങ്ങളില്‍ സി.പി.എം അംഗമായി തമിഴ്നാട് നിയമസഭയിലേക്കെത്തി. ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി, രണ്ടു ദശാബ്ദത്തിലധികം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ശങ്കരയ്യയോടൊപ്പം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഭാര്യ നവമണി അമ്മാള്‍ 2016-ല്‍ അന്തരിച്ചു. മൂന്നുമക്കളുണ്ട്.ഇവരില്‍ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്. തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച തകയ് സാല്‍ തമിഴര്‍ എന്ന പുരസ്കാരവും ശങ്കരയ്യയ്ക്ക് ലഭിച്ചു.
1921 ജൂലൈ 15 ന് തമിഴ്നാട്ടിലെ കോവില്‍പട്ടിലാണ് ശങ്കരയ്യ ജനിച്ചത്. അഞ്ചാം ക്ലാസ് വരെ തൂത്തുക്കുടിയിലും പിന്നെ മധുര സെന്‍റ് മേരീസ് സ്കൂളിലുമായിട്ടായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. മധുരയിലെ അമേരിക്കന്‍ കോളജില്‍ ബി.എ ഹിസ്റ്ററി പഠിക്കാന്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ അവസാന വര്‍ഷ ബിരുദത്തിനു പഠിക്കുമ്പോള്‍, 1941 ഫെബ്രുവരി 28 നു ബ്രിട്ടിഷ് പട്ടാളം ശങ്കരയ്യയെ പിടികൂടി ജയിലിലടച്ചു. പിന്നീട് 1947 ഓഗസ്റ്റ് 14 നാണ് ജയില്‍ മോചിതനായത്.കയ്യൂര്‍ സമരസഖാക്കളെ തൂക്കിലേറ്റുമ്പോള്‍ ശങ്കരയ്യ കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ഉണ്ടായിരുന്നു