തൃശൂര്‍: നാലര പതിറ്റാണ്ടു കാലം തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായിരുന്ന മുതിര്‍ന്ന മേളകലാകാരന്‍ കേളത്ത് അരവിന്ദാക്ഷ മാരാര്‍ (84)അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. എടക്കുന്നി പി.ആര്‍. പടിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു.2021ലെ തൃശൂര്‍ പൂരത്തില്‍ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി പങ്കെടുത്തത്. പ്രായാധിക്യം കൊണ്ടു കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂരത്തില്‍ പങ്കെടുത്തിരുന്നില്ല. പതിയാരത്ത് കുഞ്ഞന്‍ മാരാര്‍ പാറമേക്കാവിന്‍റെ മേള പ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷ മാരാര്‍ തൃശൂര്‍ പൂരത്തിന് അരങ്ങേറ്റം കുറിച്ചത്.
അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടി മാരാരാണ് ഗുരു. പഠനശേഷം പന്ത്രണ്ടാം വയസില്‍ എടക്കുന്നി അമ്പലത്തില്‍ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പ്രമാണ്യം വഹിച്ചില്ലെങ്കിലും തൃശൂര്‍ പൂരത്തിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു.
പതിയാരത്ത് കുഞ്ഞന്‍ മാരാര്‍ പാറമേക്കാവിന്‍റെ മേളപ്രമാണിയായ കാലത്താണ് കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തൃശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇലഞ്ഞിത്തറയില്‍ പെരുവനത്തിന്‍റെ വലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു.
കേരള സംഗീതനാടക അക്കാദമി പുരസ്കാരം, തൃപ്രയാര്‍ വാദ്യകലാ ആസ്വാദക സമിതിയുടെ 2019ലെ ശ്രീരാമപാദ സുവര്‍ണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്കാരം, പൂര്‍ണത്രയീശ പുരസ്കാരം, ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരം, വാദ്യ വിശാരദന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
