ന്യൂഡല്‍ഹി: സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ (95) ന് അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. പ്രഗത്ഭനായ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന നരിമാന്‍ രാജ്യാന്തര തര്‍ക്കപരിഹാര കേസുകളില്‍ വിദഗ്ധനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ പാഴ്സി ആരംഗാഹില്‍ നടക്കും.
1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്‍കി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയിലെ റങ്കൂണില്‍ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചത്.
കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തില്‍നിന്ന് നിയമോപദേശം തേടിയിരുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ വിധി വിശാല ബെഞ്ച് പരിശോധിക്കരുത് എന്നാവശ്യപ്പെട്ട് ഫാലി എസ്. നരിമാന്‍ ഹാജരായിരുന്നു.
മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിങ്ടണ്‍ ഫാലി നരിമാന്‍ മകനാണ്.