ചിറയിന്‍കീഴ് :മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. മത്സ്യതൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധന്‍ രാവിലെ 11 ഓടെയാണ് അപകടം. മീന്‍പിടിച്ച് കഴിഞ്ഞ് തുറമുഖത്തേയ്ക്ക് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍ വള്ളത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുലിമുട്ടില്‍ ഇടിച്ചതോടെ വള്ളത്തിലുണ്ടായിരുന്ന വലയുള്‍പ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ കടലിലേക്ക് വീണു. പുതുക്കുറിച്ചി സ്വദേശി അനിലിന്‍റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന താങ്ങ് വള്ളമാണ് അപകടത്തിപ്പെട്ടത്.
പുലിമുട്ടിലിടിച്ച് വള്ളം മറിയുന്ന സ്ഥിതിയിലെത്തിയെങ്കിലും സ്രാങ്കിന്‍റെ അവസരോചിതമായ ഇടപ്പെടലും മനസാന്നിധ്യവും കാരണം വള്ളത്തിലുണ്ടായിരുന്ന26 തൊഴിലാളികളെയും സുരക്ഷിതരായി ഹാര്‍ബറില്‍ എത്തിക്കാനായി. കഴിഞ്ഞ ദിവസവും 33 മത്സ്യതൊഴിലാളികളുമായി തുറമുഖത്തേക്കുവന്ന മറ്റൊരു വള്ളവും, മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ബോട്ടും സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അഴിമുഖത്ത് മണ്ണടിഞ്ഞുണ്ടാക്കുന്ന ആഴ കുറവ് കാരണം വള്ളത്തിന്‍റെ അടിഭാഗം മണ്ണില്‍ തട്ടുന്നതും അപകടത്തിനടയാക്കുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു.