തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തും. ഈ മാസം 24ന് പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിന് വീണ്ടും മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം. ആദ്യ ഘട്ട പ്രചാരണത്തിന് മന്ത്രിമാര്‍ പങ്കെടുക്കില്ല.വികസനവും രാഷ്ട്രീയവും മാത്രമായിരിക്കും സി.പി.എം ചര്‍ച്ചയാക്കുകയെന്നാണ് വിവരം. വ്യക്തിപരമായ വിഷയങ്ങള്‍ പാര്‍ട്ടി പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കില്ല. അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സി.പി.എം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സി.പി.എം. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി ഇത്തരം ഫ്ളെക്സ് ബോര്‍ഡുകള്‍ മാറും എന്ന വാദമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്.