മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്‍ തര്‍ക്കമില്ല,
ആദിത്യനാഥ് തന്നെയെന്ന് യു.പി ഉപമുഖ്യമന്ത്രി

Latest News

ലഖ്നോ: ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുക യോഗി ആദിത്യനാഥിനെ തന്നെയെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ആജ് തക്കിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ ‘പഞ്ചായത്ത് ആജ് തക്കില്‍’ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.യോഗി ആദിത്യനാഥിന്‍റെ കീഴിലുള്ള ഞങ്ങളുടെ സര്‍ക്കാര്‍ 2017 മുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രശ്നങ്ങളില്ല. മുഖ്യമന്ത്രിയുടെ നേതൃത്വം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അദ്ദേഹംതന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു’ മൗര്യ പറഞ്ഞു.ഉത്തര്‍പ്രദേശില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന പേരാണ് യോഗി ആദിത്യനാഥ്.
അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി അവസാന തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.എന്‍റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് 2017ല്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. 2017ല്‍ ബി.ജെ.പി യു.പി അധ്യക്ഷനായിരുന്നു ഞാന്‍, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി.
എന്‍റെ താല്‍പര്യം വ്യക്തമാണ്. പാര്‍ട്ടി മുഴുവനും അദ്ദേഹത്തെ പിന്തുണക്കുന്നു’ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വ്യക്തിപരമായി ആരെ പരിഗണിക്കുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മൗര്യ.
മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി സംസ്ഥാനത്ത് അസ്വാരസ്യങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെകളിലും ഇന്നും നാളെയും പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ലെന്നായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *