സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.സ്കൂളുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.പ്രതിദിന കോവിഡ് കേസുകള്‍ ഒരാഴ്ചക്കിടെ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.സ്കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണമായിരിക്കും പ്രധാനമായും പരിഗണനക്ക് വരിക. പൂര്‍ണമായും സ്കൂളുകള്‍ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റേയും അധ്യാപക സംഘടനകളുടേയും നിലപാട്.
കോവിഡ് വ്യാപനം വീണ്ടുമുയര്‍ന്നാല്‍ ചില ക്ലാസുകള്‍ മാത്രം ഓണ്‍ലൈനിലാക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം കൂടുതല്‍ രൂക്ഷമായ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കുന്ന കാര്യവും ചര്‍ച്ചയാകും. വാരാന്ത്യ ലോക്ഡൗണും രാത്രികര്‍ഫ്യൂവും ഏര്‍പ്പെടുത്തണോ എന്ന കാര്യവും യോഗത്തിന്‍റെ പരിഗണനക്ക് വരും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത