തിരുവനന്തപുരം : ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക്.വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലും തന്‍റെ അധികാരം അദ്ദേഹം മറ്റാര്‍ക്കും കൈമാറിയിട്ടില്ല. ഓണ്‍ലൈനിലൂടെ മന്ത്രിസഭാ യോഗങ്ങളും, കോവിഡ് അവലോകന യോഗങ്ങളും ചേരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.കൂടാതെ ഇ ഫയല്‍ സംവിധാനത്തിലൂടെ പ്രധാനപ്പെട്ട ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. അതേസമയം മുഖ്യമന്ത്രിമാര്‍ വിദേശത്തു പോകുന്നതിനു മുന്‍പ് സര്‍ക്കാരിന്‍റെ തലവനായ ഗവര്‍ണറെ കണ്ടു കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. വിദേശത്തേക്ക് പോകും മുന്‍പ് ഗവര്‍ണറെ കാണണമെന്ന് ചട്ടങ്ങളൊന്നുമില്ല. എന്നാല്‍ സര്‍ക്കാരിന്‍റെ തലവന്‍ ഗവര്‍ണര്‍ ആയതിനാല്‍ പോകും മുന്‍പ് അദ്ദേഹത്തെ അറിയിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നാല്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിന് അയവുണ്ടാകുമെന്നാണ് വിലയിരുത്തല്‍