കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നോടെ കണ്ണൂര്‍ കളക്ട്രേറ്റില്‍ എത്തി വരണാധികാരിയായ അസിസ്റ്റന്റ് ഡെവലെപ്മെന്റ് ഓഫീസര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുന്നിലാണ് പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്, സിപിഐ ദേശീയകൗണ്‍സിലംഗം സി എന്‍ ചന്ദ്രന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയായിരുന്നു പത്രികാ സമര്‍പ്പണം. 2016ല്‍ 56.84% വോട്ട് നേടി, മുപ്പത്തിയേഴായിരത്തോളം വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്ത് നിന്ന് ജയിച്ചത്. കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരനായിരുന്നു അന്ന് പിണറായിയുടെ എതിര്‍സ്ഥാനാര്‍ത്ഥി.
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുമ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് മുഖ്യമന്ത്രിക്ക് ആശംസ നേര്‍ന്ന് കളക്ട്രേറ്റിലെത്തി.
കഴിഞ്ഞ ഒരാഴ്ചയായി പിണറായി മണ്ഡലത്തില്‍ സജീവമാണ്. നാളെയും കൂടി അദ്ദേഹം ധര്മ്മടത്തുണ്ടാകും. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് തലേന്ന് മാത്രമേ ഇനി സ്വന്തം മണ്ഡലത്തിലേക്ക് എത്തുകയുളളൂ.