മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും പ്രതീക്ഷിച്ച് സ്വകാര്യ എന്‍ജിനീയര്‍മാരും പൊതുജനങ്ങളും

Uncategorized

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലെ ഡിജിറ്റലൈസേഷന്‍റെ ഭാഗമായി 2023 ഡിസംബര്‍ 27 മുതല്‍ ഇത്രയും ദിവസമായിട്ടും യാതൊരുവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനോ നികുതിയടക്കാനോ സാധിക്കാത്ത വിധം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാനുകളും പണിമുഴുമിപ്പിച്ച കെട്ടിടങ്ങളുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ പറ്റാത്തതു കാരണം കേരളത്തിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും പ്രവര്‍ത്തികള്‍ നിശ്ചലമായിരിക്കുകയാണ്. എല്ലാ പത്രമാധ്യമങ്ങളും ഇലക്ട്രോണിക് മീഡിയകളും പലതവണ ഈ പ്രയാസം ചൂണ്ടിക്കാണിച്ചിട്ടും സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രി യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്ക് പരാതിയുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും ട്രയല്‍റണ്‍ നടത്തുകയും ചെയ്തതിനുശേഷമേ നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങള്‍ നിര്‍ത്തുവാന്‍ പാടുള്ളൂ. അങ്ങനെ ചെയ്തില്ല എന്നിടത്താണ് തദ്ദേശവകുപ്പ് മന്ത്രിക്ക് വീഴ്ചപറ്റിയത്. ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കി പണിതീര്‍ത്ത കെട്ടിടങ്ങളുടെ പൂര്‍ത്തീകരണ പ്ലാന്‍ സമര്‍പ്പിക്കാന്‍ കഴിയാതെ സംസ്ഥാനത്തുടനീളം ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍, എപ്പോഴെങ്കിലും ഒരു ജനന സര്‍ട്ടിഫിക്കറ്റോ,ഒരു പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റോ, ഒരു മരണ സര്‍ട്ടിഫിക്കറ്റോ കൊടുക്കുന്നതാണ് വലിയകാര്യമായി കൊട്ടിഘോഷിക്കുന്നത്. ഡിജിറ്റലൈസേഷന്‍ പൂര്‍ണ്ണമായി ശരിയാകുന്നത് വരെ പഴയപടി കാര്യങ്ങള്‍ നടത്തുവാനുള്ള അനുവാദം മുഖ്യമന്ത്രി അടിയന്തരമായി നല്‍കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.കെ സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ആവശ്യമായ പരിശീലനവും സാങ്കേതികവൈദഗ്ദ്യവും ജീവനക്കാര്‍ക്ക് ലഭ്യമാക്കിയില്ല.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാര്‍ക്ക് ഒന്നും പറയാന്‍ കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. നിരപരാധികളായ ഉദ്യോഗസ്ഥര്‍ ദിനംപ്രതി പൊതുജനങ്ങളില്‍ നിന്ന് പരുഷമായ വാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നു. ഇനി എത്ര ദിവസം കൊണ്ട് കാര്യങ്ങള്‍ ശരിയായരീതിയില്‍ നടക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കുന്നില്ല. വകുപ്പുമന്ത്രിയാണെങ്കില്‍ എല്ലാം ശരിയായി, ഒരു പ്രയാസവുമില്ല എന്ന് പറഞ്ഞ് തടിയൂരുകയാണ്. പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഇടപെട്ട് എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് ഈ വിഷയത്തില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങളുടെയും സ്വകാര്യ എന്‍ജിനീയര്‍മാരുടെയും പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *