. റിവ്യൂഹര്‍ജി നിലനില്‍ക്കില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹര്‍ജി തള്ളി. അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ജിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ലോകായുക്ത നിരീക്ഷിച്ചു.
റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയില്‍ ഭിന്നത ഉണ്ടായതും കേസ് ഫുള്‍ ബെഞ്ചിന് വിട്ടതും. എന്നാല്‍ ഭിന്നവിധിയില്‍ നിയമപ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.ശശികുമാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.
കേസ് മൂന്നംഗ ബെഞ്ചിനുവിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്‍റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. എന്നാല്‍ മൂന്നംഗബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ലോകായുക്ത ചോദിച്ചു. വിധിപറയാന്‍ ഒരു വര്‍ഷം കാത്തിരുന്നത് മനപൂര്‍വ്വം അല്ല, ഇതൊരു ചരിത്രവിധിയൊന്നുമല്ല. ആരെയെങ്കിലും പേടിച്ചു ഉത്തരവ് എഴുതുന്നവര്‍ അല്ല ഞങ്ങള്‍. പരാതിക്കാരനെ വിമര്‍ശിച്ചു എന്നത് കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പ്രസ്താവിച്ചു.