തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയതെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചു. അത് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് സാധാരണ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മന്ത്രിസഭയില്‍ സജി ചെറിയാനെ അടിയന്തരമായി ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ് ഗോപകുമാരന്‍ നായര്‍ നല്കിയ ഉപദേശത്തില്‍ വ്യക്തമാക്കിയിരുന്നത് എന്നാണ് പുറത്തുവന്ന വിവരം. മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തില്‍ ഉണ്ടായിരുന്നു. ഇതോടെ സത്യപ്രജിജ്ഞ അനിശ്ചിതത്വത്തിലാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനിടെയാണ് ഗവര്‍ണര്‍ ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയത്.