. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
. ഫെഡറല്‍ സംവിധാനം സംരക്ഷിക്കാനുള്ള സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ നടത്തി.കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും എല്‍.ഡി.എഫ് എംഎല്‍എമാരും എംപിമാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മാന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഡി.എം.കെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ ,സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവരും സമരവേദിയില്‍ സന്നിഹിതരായിരുന്നു രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധമേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്‍റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങള്‍ ശക്തമായി നിന്നില്ലെങ്കില്‍ ഇന്ത്യ ശക്തമാകില്ലെന്നും സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 70 കോടി ജനങ്ങളെ പ്രതിപക്ഷപാര്‍ട്ടികളാണ് പ്രതിനിധീകരിക്കുന്നതെന്നും കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരി വാള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് എത്തിയത്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തില്ല.