മുഖ്യപ്രതിയുമായി ഹോസ്റ്റലില്‍ തെളിവെടുപ്പ്

Kerala

.സിദ്ധാര്‍ത്ഥന്‍റെ മരണം

.ആയുധങ്ങള്‍ കണ്ടെടുത്തു

കല്‍പ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് . ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥന്‍ തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായത്. തെളിവെടുപ്പിനിടെയാണ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി കാണിച്ചുകൊടുത്തത്.
പൂക്കോട് വെറ്ററിനറി ഹോസ്റ്റലില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചതായാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സിദ്ധാര്‍ഥനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് എറണാകുളത്തുനിന്നും വിളിച്ചു വരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ബെല്‍റ്റ്, കേബിള്‍ എന്നിവ ഉപയോഗിച്ചു മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദന സമയത്ത് അടിവസ്ത്രം മാത്രമാണു ധരിപ്പിച്ചത്. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *