ഇസ്ലാമാബാദ് : ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്ഥാന്‍.
ഇറാന്‍റെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ പുറത്താക്കുകയും സ്വന്തം പ്രതിനിധിയെ ഇറാനില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തു. ഇറാനില്‍ നിന്ന് തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച് ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാന്‍റെ പാകിസ്ഥാനിലേക്കുള്ള അംബാസഡര്‍ നിലവില്‍ ഇറാന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ഇപ്പോള്‍ മടങ്ങിവരണ്ടേതില്ലെന്നും മുംതാസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നതും ആസൂത്രണം ചെയ്തിട്ടുള്ളതുമായ എല്ലാ ഉന്നതതല സന്ദര്‍ശനങ്ങളും നിറുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞദിവസമായിരുന്നു ആക്രമണം. തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍-അദലുമായി ബന്ധമുള്ള രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കുന്നത്. രാജ്യത്തിന് ഭീഷണിയാവുമെന്ന് കണ്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇറാക്കിനും സിറിയയ്ക്കും ശേഷം ഇറാന്‍റെ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍.
എന്നാല്‍ വ്യോമാക്രമണത്തെ പാകിസ്ഥാന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. തങ്ങളുടെ വ്യോമമേഖലയിലേക്ക് ഒരു പ്രകോപനവുമില്ലാതെയുള്ള കടന്നുകയറ്റമാണ് ഇറാന്‍ നടത്തിയതെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.