മുംബൈ: മിന്നുമണിക്ക് പിന്നാലെ വയനാട്ടുകാരി വനിത ഐ.പി.എല്‍ കളിക്കും. ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ സജന സജീവനെ മുംബൈ ഇന്ത്യന്‍സ് 15 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ സ്വന്തമാക്കിയത്. വലം കൈയ്യന്‍ ബാറ്ററും ഓഫ് സ്പിന്നറുമാണ് സജന.വയനാട് മാനന്തവാടി സ്വദേശിയാണ് 28കാരിയായ സജന സജീവന്‍. കേരള ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമിലും സജന കളിച്ചിട്ടുണ്ട്. 2018ല്‍ കേരളത്തിന്‍റെ അണ്ടര്‍ 23 ടീമിന്‍റെ ക്യാപ്റ്റനായും മലയാളി താരം മികച്ച പ്രകടനം നടത്തി.
17-ാം വയസിലാണ് താരം പ്രൊഫഷണല്‍ ക്രിക്കറ്റിന്‍റെ ഭാഗമാകുന്നത്. 2015ല്‍ കേരള ക്രിക്കറ്റിലെ മികച്ച വനിത താരത്തിനുള്ള പുരസ്കാരം ലഭിച്ചു. ബിസിസിഐയുടെ മികച്ച ബൗളര്‍മാരുടെ ലിസ്റ്റിലും സജന ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ആരാധിക കൂടിയാണ് സജന സജീവന്‍.
