ലക്നോ: കരിയറില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടത്തിനു പിന്നാലെ മിതാലി രാജ് മറ്റൊരു റിക്കാര്‍ഡില്‍. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 7,000റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ താരം എന്ന റിക്കാര്‍ഡാണു മിതാലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 45 റണ്‍സ് നേടിയ ഇന്നിംഗ്സിനിടെയായിരുന്നു മിതാലി രാജ് 7,000 റണ്‍സ് കടന്നത്. 213ാം ഇന്നിംഗ്സിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ ചരിത്ര നേട്ടം. ഏഴ് സെഞ്ചുറിയും 54 അര്‍ധസെഞ്ചുറിയും നേടിയ മിതാലിയുടെ ശരാശരി 50.49 ആണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലം ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനു പരാജയപ്പെട്ടു. ഇതോടെ അഞ്ച് മത്സര പരമ്പര ദക്ഷിണാഫ്രിക്ക 31ന് ഉറപ്പിച്ചു. ഇന്ത്യക്കായി പൂനം റൗത്ത് (123 പന്തില്‍ 104 നോട്ടൗട്ട്) സെഞ്ചുറി നേടിയിരുന്നു.