മിഠായി തെരുവില്‍ കടകള്‍ തുറന്ന വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കി; സംഘര്‍ഷം

Kerala
  • എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കടകള്‍ ഇടയ്ക്കിടെ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. എല്ലാ ദിവസും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെ വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ നേതൃത്ത്വത്തില്‍ മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമമുണ്ടായി.പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റു ചെയ്ത് നീക്കി.മിഠായി തെരുവിന്‍റെ പ്രവേശനകവാടത്തില്‍ ബാരിക്കേഡുകള്‍ വെച്ച് അടച്ചു.ഇതോടെ മിഠായിതെരുവ് പരിസരത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി . വ്യാപാരികള്‍ പ്രതിഷേധപ്രകടനവുമായി എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്കു മുന്നില്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അനുമതി നല്‍കണം. ഇപ്പോള്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ എല്ലാ ദിവസവും തുറക്കാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അറസ്റ്റു ചെയ്ത് നീക്കിയാലും സമരം തുടരുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കി.കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും, വ്യാപാരികളുടെ പ്രശ്നങ്ങളില്‍ ഉടനടി ഇടപെടുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അതേസമയം പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *