കോഴിക്കോട്: എപ്പോള്‍ വേണമെങ്കിലും നിരത്തിലേക്ക് വീഴാന്‍ പാകത്തിലുള്ള മരം അപകടഭീഷണി ഉയര്‍ത്തുന്നു. മിഠായിതെരുവില്‍ ഖാദി എംപോറിയത്തിലേക്കു പോകുന്ന വഴിയില്‍ കെ.ടി.ഡി.സി ഹോട്ടല്‍ സ്ഥിതിചെയ്തിരുന്ന വളപ്പിലെ മരമാണ് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്.
കെ. ടി.ഡി.സി ഹോട്ടല്‍ നിലനിന്നിരുന്ന വളപ്പില്‍ പ്രധാനഗേറ്റിനു സമീപമുള്ള ഈ മരം മണ്ണില്ലാതെ വേരുകള്‍ അടര്‍ന്ന് നിലംപതിക്കാമെന്ന അവസ്ഥയിലാണ്. പഴയ മതിലിന്‍റെ കല്ലുകളും കോണ്‍ക്രീറ്റ് സ്ലാബിന്‍റെ അവശിഷ്ടങ്ങളുമാണ് ഇതിനെ താങ്ങിനിര്‍ത്തുന്നത്.
നിരവധി ഇരുചക്രവാഹനങ്ങള്‍ സമീപത്ത് പാര്‍ക്ക് ചെയ്യാറുണ്ട്. ഈ വഴിയില്‍ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളും വയോജനങ്ങളുമടക്കം നൂറുകണക്കിനാളുകളാണ് നിത്യവും ഇതിലൂടെ നടന്നുപോകാറുള്ളത്.വളരെ സജീവമായ പാതയാണിത്. ഇതിന്‍റെ ഓരത്താണ് ധാരാളം ചില്ലകളുള്ള മരം അപകടഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരത്തിന്‍റെ അവസ്ഥ കുറെക്കൂടി ഗുരുതരമായിരിക്കുകയാണ്.
മരം കടപുഴകിവീണാല്‍ വന്‍ അപകടമായിരിക്കും സംഭവിക്കുകയെന്ന് വ്യാപാരികളും ഇതിലൂടെ പോകുന്ന യാത്രക്കാരും പറയുന്നു. മരത്തിനിടയില്‍പ്പെട്ട് ആളുകള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടാനും ഗുരുതരമായ പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ തകരും. സമീപത്തെ കച്ചവട സ്ഥാപനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം നേരിടും. ഒരു ദുരന്തം നടക്കുന്നതിന് മുമ്പ് അതിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടതെന്ന് പൊതുജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കെ.ടി.ഡി.സി കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. ഈ വളപ്പിലുള്ള അപകടാവസ്ഥയിലുള്ള മരം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കോര്‍പ്പറേഷന്‍ അധികൃതര്‍ എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികളും ഇതിലൂടെ വഴിനടക്കുന്നവരും ആവശ്യപ്പെടുന്നത്.
