ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ മാരക വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ നിലവിലുള്ള വാക്സിനുകള്‍ പോരെന്ന് വിദഗ്ദ്ധര്‍. അമേരിക്കന്‍ ഔഷധ കമ്പനിയായ മൊഡേണയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റെഫാന്‍ ബാന്‍സെലാണ് ഇക്കാര്യം പറഞ്ഞത്.ഡെല്‍റ്റ ഉള്‍പ്പെടെ മറ്റ് വൈറസ് വകഭേദങ്ങളെ പോലും വാക്സിനുകള്‍ പൂര്‍ണമായി ചെറുക്കുന്നില്ല.
ഇവയേക്കാള്‍ മാരകമാണ് ഒമിക്രോണ്‍ എന്നതിനാല്‍ നിലവിലുള്ള വാക്സിനുകള്‍ക്ക് ഫലപ്രാപ്തി കുറവാണെന്നും ഒമിക്രോണ്‍ വാക്സിന്‍ വികസിപ്പിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ ഒമിക്രോണ്‍ വാക്സിന്‍ നിര്‍മ്മിക്കാമെന്ന് മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടനും പറഞ്ഞു. നൂറു ദിവസത്തിനുള്ളില്‍ ഒമിക്രോണ്‍ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ജര്‍മ്മന്‍ ഔഷധ കമ്പനിയായ ബയോണ്‍ ടെക്ക് അറിയിച്ചു.
ഒമിക്രോണിലെ ജനിതക വ്യതിയാനങ്ങളും ദക്ഷിണാഫ്രിക്കയിലെ അതിവ്യാപനവും കണക്കിലെടുക്കുമ്പോള്‍ വാക്സിനുകള്‍ പരിഷ്കരിക്കേണ്ടി വരും. ഒമിക്രോണ്‍ കൂടുതല്‍ വ്യാപിക്കും മുമ്പ് ഏത് വാക്സിനും ജനങ്ങള്‍ സ്വീകരിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒമിക്രോണ്‍ കൂടി പടര്‍ന്നാല്‍ ആരോഗ്യമേഖല വലിയ സമ്മര്‍ദ്ദത്തിലാവും . അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ പല രാജ്യങ്ങളും വാക്സിന്‍ എടുത്തവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തയ്യാറെടുക്കുകയാണ്.
ഒമിക്രോണിന്‍റെ തീവ്രതയും അതിനെ വാക്സിന്‍ എത്രമാത്രം ചെറുക്കുമെന്നുമൊക്കെ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.