പാലക്കാട്: ദക്ഷിണ റെയില്‍വേയിലെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ മികച്ച റണ്ണിംഗ് റൂമിനുള്ള പുരസ്കാരം പാലക്കാട് റെയില്‍വേ റണ്ണിംഗ് റൂം നേടി. ചെന്നൈയില്‍ നടന്ന റെയില്‍വേ വാരാഘോഷത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസില്‍ നിന്നും സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (ഓപറേഷന്‍സ്) എസ്. ജയകൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഹെല്‍ത്ത് യൂണിറ്റിനുള്ള പുരസ്കാരവും പാലക്കാട് ഡിവിഷന് ലഭിച്ചു.
ലോക്കോ പൈലറ്റുമാര്‍, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ തങ്ങളുടെ ഹോം സ്റ്റേഷനില്‍ നിന്നും വിട്ട് നില്‍ക്കുമ്പോള്‍ ജോലി സമയത്തിന് ശേഷം വിശ്രമിക്കുന്ന സ്ഥലമാണ് റണ്ണിംഗ് റൂമുകള്‍. ശീതീകരിച്ച ക്യുബിക്കിളുകളില്‍ സൗകര്യപ്രദമായ വിശ്രമ സൗകര്യങ്ങളാണ് റണ്ണിംഗ് റൂമുകളില്‍ ഉറപ്പുവരുത്തിയിട്ടുള്ളത്. വിശ്രമത്തിനു ശേഷം ശാരീരികവും മാനസികവുമായ ഉല്ലാസം വീണ്ടെടുക്കുന്നതിനായി ഹെല്‍ത്ത് റൂം, മെഡിറ്റേഷന്‍, യോഗ പ്രക്രിയകള്‍, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ശുചിത്വമുള്ള ഭക്ഷണമുറിയും അടുക്കളയും റണ്ണിംഗ് റൂമുകളോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ ശുദ്ധീകരണശീതീകരണ സംവിധാനവും ഉണ്ട്. നിലവില്‍ 62 പേര്‍ക്ക് ഒരേസമയം ഇവിടെ തങ്ങാന്‍ കഴിയും. സാധാരണ ദിവസങ്ങളില്‍ 80 ശതമാനം വരെയാണ് വിശ്രമകേന്ദ്രത്തിന്‍റെ നിറവ്. പരിപാടിയില്‍ ദക്ഷിണ റെയില്‍വേ അഡിഷണല്‍ ജനറല്‍ മാനേജര്‍ ബി. ഗോപിനാഥ് മല്യ, പ്രിന്‍സിപ്പല്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ രാജേഷ് കുമാര്‍ മെഹ് ത, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി എന്നിവര്‍ പങ്കെടുത്തു.
