ന്യൂഡല്‍ഹി : പൊതുഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍ദേശം.സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ആള്‍കൂട്ടം സൃഷ്ടിക്കുന്നതിനെതിരേയും കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലും കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്ക് പൊതുഇടങ്ങളില്‍ ധരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രാജ്യം വരുന്നതിന്‍റെ ആദ്യഘട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കൊവിഡ് മാഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് മാസ്ക് നിര്‍ബന്ധമാണ്. ഇതില്‍ നിന്നാണ് ഇപ്പോള്‍ ചെറിയ രീതിയില്‍ മോചനം നേടുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പൊതുസ്ഥലങ്ങളില്‍ മാസ്ക് വേണമെന്ന് ഇനി വാശിപിടിക്കേണ്ടതില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. അടച്ചിട്ട സ്ഥലങ്ങളിലും ആശുപത്രികളിലുമെല്ലാം മാത്രം മാസ്ക് നിര്‍ബന്ധമാക്കിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണ വൈറസ് അസുഖത്തേക്കാള്‍ പ്രഹര ശേഷി കുറഞ്ഞ അവസ്ഥയിലേക്ക് കൊവിഡ് മാറിയെന്നും മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ വേണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.