കീവ്: യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്ന് ഏതുവിധേനയും സ്വന്തം ദേശത്ത് എത്താനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍.ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ യുക്രൈനില്‍ നിന്ന് ജനങ്ങളെ ഇന്ത്യ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞതായി മലയാളി വിദ്യാര്‍ത്ഥി പറഞ്ഞു. യുക്രൈനില്‍ നിന്ന് മാള്‍ഡോവയിലെത്തിയ അലീനയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. അലീന അടക്കം 45 പേര്‍ ബസിലാണ് മാള്‍ഡോവയില്‍ എത്തിയത്. അവിടെ സൈനിക ആശുപത്രിയില്‍ തങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയെന്ന് വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. സ്വന്തം റിസ്കിലാണ് മാള്‍ഡോവയിലെത്തിയത്. യുക്രൈന്‍ വിട്ടതോടെ ആശ്വാസമായെന്നും ഒഡേസയിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം മാള്‍ഡോവയിലെത്തിയിട്ടുണ്ടെന്നും അലീന പറഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വൈകാതെ മാള്‍ഡോവയിലെത്തും. ഉദ്യോഗസ്ഥരത്തിയതിന് ശേഷം വിദ്യാര്‍ത്ഥികളെ റൊമേനിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കും. തുടര്‍ന്ന് വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും.മാള്‍ഡോവയില്‍ നിന്ന് വൈകാതെ തന്നെ രക്ഷാദൌത്യം ആരംഭിക്കുമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.